
തിരുവനന്തപുരം: സന്ദീപ് വാര്യരെ പാർട്ടി വക്താവായി നിയമിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ മുന്നിൽ നിർത്തി പാലക്കാട് കൂടുതൽ ബിജെപി നേതാക്കളെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് പുതിയ ചുമതല നൽകിയത്.
സന്ദീപ് വാര്യരെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. ഇതനുസരിച്ച് ഇനിമുതൽ ചാനൽ ചർച്ചകളിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യർ പങ്കെടുക്കും. .
അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. അതേസമയം പാർട്ടി പുനഃസംഘടനയിൽ സന്ദീപ് വാര്യർക്ക് കൂടുതൽ പദവിയും പാർട്ടി നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് വിവരം. പാലക്കാട് നഗരസഭയിൽ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു.











